കൊച്ചി:
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LPG സംഭരണ കേന്ദ്രത്തിനെതിരെ
പുതുവൈപ്പിലെ പ്രദേശവാസികളായ സ്ത്രീകൾ ഇന്ന് നിരാഹ സമരം നടത്തും. 2009 മുതല്‍ തന്നെ എല്‍പിജി ഗ്യാസ് ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെെപ്പിനില്‍ പ്രതിഷേധം ശക്തമായിരുന്നു. സമര സമിതിയിലെ അംഗങ്ങളില്‍ കൂടുതല്‍ പേരും അറസ്റ്റിലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് നിര്‍ത്തിചെവ്വ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2017ല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ച കമ്പനിക്കെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മാർച്ച് നടത്തുകയുണ്ടായി. എന്നാൽ ഈ സമരങ്ങളൊന്നും ഫലം കണ്ടില്ല.
ഇന്ന് വീണ്ടും പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ നിരാഹസമരം ആരംഭിക്കുകയാണ്. ‘ഞങ്ങൾ കീഴടങ്ങില്ല, ഞങ്ങൾ വിജയം വരിക്കും, അല്ലങ്കിൽ പൊരുതി മരിക്കും’ എന്ന മുദ്രാവാക്യത്തോടെയാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
റോഡ് മാർഗ്ഗം എൽപിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുൻനിർത്തിയാണ് സർക്കാരും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ കായലും കടലും നികത്തി തീരദേശവാസികളുടെ വയറ്റില്‍ കോണ്‍ക്രീറ്റിട്ട് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണിതെന്നും ഇതിനെതിരെ ജീവന്‍മരണ പോരാട്ടം നടത്തുമെന്നും സമരസമിതിയും നാട്ടുകാരും ഒരേസ്വരത്തില്‍ പറയുന്നു.