Sun. Dec 22nd, 2024

ന്യൂഡെല്‍ഹി:

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സിബിഐ കേസെടുത്ത 38 പേര്‍ 2015 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് വിദേശത്തേക്ക് മുങ്ങിയത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.

20 പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച 11 പേ‍ര്‍ക്കെതിരെ എക്സട്രഡിഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
2019 ജനുവരിക്കും 2019 ഡിസംബറിനുമിടയില്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയ 11 പേര്‍ രാജ്യം വിട്ടു.

2019 ജനുവരിക്കുള്ളിലാണ് 27 പേര്‍ രക്ഷപ്പെട്ടത്. ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2014നും 19നുമിടയില്‍ വായ്പ തിരിച്ചടക്കാതിരുന്നവരില്‍ നിന്ന് 7654 കോടി രൂപ തിരിച്ചുപിടിച്ചു.