Mon. Dec 23rd, 2024
ഡൽഹി:

യു എ പി എ കുറ്റം ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കി. അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് വീഡിയോ കോൺഫെറെൻസിങ് വഴി ഉമർ ഖാലിദിനെ കർക്കർദൂർ കോടതിയിൽ ഹാജരാക്കിയത്. ഉമർ ഖാലിദിനെ 10 ദിവസം കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചാണ് ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനയിൽ പങ്കാളിയായതിന് ഉമർ ഖാലിദിനെതിരെ നിരവധി തെളുവുകളുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയിൽ പറഞ്ഞു.

ഈ വർഷം ഫെബ്രുവരി മാസമുണ്ടായ കലാപത്തിന് പിന്നിൽ ഉമർ പ്രേരണാ ശക്തിയായി പ്രവർത്തിച്ചുവെന്നാണ് പൊലീസ് ആരോപണം. കലാപത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ പ്രമുഖനാണ് ഉമർ ഖാലിദെന്നും പൊലീസ് പറയുന്നു.

കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പൊലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഗൂഢാലോചന കേസിന് പുറമെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉമർ ഖാലിദിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

By Arya MR