ഡൽഹി:
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതൽ ഒക്ടോബര്‍ ഒന്നുവരെ. സമയക്രമത്തില്‍ മാറ്റം വരുത്തിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. അഞ്ചു മാസത്തിന് ശേഷമാണ് നാളെ സമ്മേളനം ആരംഭിക്കുക. ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനമാണ് കൊവിഡ് കാരണം നീണ്ടുപോയത്. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. മുഴുവന്‍ എംപിമാരും കൊവിഡ് പരിശോധന നടത്തിയ ശേഷമാകും സഭയില്‍ പങ്കെടുക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വീഡിയോ സ്‌ക്രീന്‍ വഴിയായിരിക്കും നടപടിക്രമങ്ങള്‍ നടക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാന്‍ അംഗങ്ങള്‍ക്ക് ഇരുസഭകളിലുമായി ഇരിക്കാമെന്നത് സഭയിലെ മറ്റൊരു ചരിത്രമാകും. ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്ത സമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്
സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചൈനീസ് കടന്നുകയറ്റം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് നീക്കം. കൂടാതെ കൊവിഡ് പ്രതിസന്ധി, ജിഎസ്ടി കുടിശിക നൽകാത്തതും, സാമ്പത്തികത്തകർച്ച, അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.