പത്തനംതിട്ട:
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സിബിഐക്കോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത.
അതേസമയം, പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യസുത്രധാരൻ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കും. കൂടാതെ പ്രതി റോയി ഡാനിയേലിൻ്റെ ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ വീട്ടിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. 3 ആഡംബര ഫ്ലാറ്റുകളും കണ്ടെത്തി.