Sun. Jan 19th, 2025

 

ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മറ്റ് വ്യവസ്ഥാപിത വ്യവസായങ്ങളെക്കാള്‍ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഏറ്റവും വലിയ വരുമാന സ്രോതസ്സായി നിലകൊള്ളുകയും ചെയ്യുന്നതാണ് കേരളത്തിലെ ടൂറിസം മേഖല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ 10 മുതൽ 12 ശതമാനം വരെയാണ്  ടൂറിസം മേഖല സംഭാവന ചെയ്യുന്നത്. സംസ്ഥാനത്തെ മൊത്തം തൊഴിലിൽ 23.5 ശതമാനവും ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്  20 ലക്ഷം പേരാണ്. എന്നാൽ  കോവിഡും  പ്രകൃതിദുരന്തങ്ങളും ടൂറിസം മേഖലയെ പിടിച്ചുകുലുക്കുമ്പോള്‍ അത്രയും ആളുകളുടെ ജീവിതം കൂടിയാണ് ഉലയുന്നത്.

ഈ കൊല്ലം ഏകദേശം 45000കോടി രൂപയാണ് ടൂറിസം മേഖലയുടെ നഷ്ട്ടം. കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ആറു മാസമായി ജോലിയോ വരുമാനമോ ഇല്ലാതെ ദുരിതത്തിലാണ്. 2018 -ൽ വന്ന നിപ്പയും  രണ്ടുവർഷം തുടർച്ചയായി വന്ന  പ്രളയവും ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടുനിന്ന ലോക്ഡൗണും ടൂറിസം മേഖലയുടെ  നടുവൊടിച്ചു. ഈ വര്‍ഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകൾ എടുത്തു പരിശോധിച്ചാൽ ടൂറിസം മേഖലയുടെ വരുമാനം വട്ടപ്പൂജ്യമാണ്.

മൺസൂൺ ടൂറിസം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് പകരാറുള്ള ഒന്നാണ്. കേരളത്തിന്‍റെ മണ്‍സൂണ്‍ ആസ്വദിക്കാന്‍ വിദേശത്ത് നിന്നും കേരളത്തിന് പുറത്തുനിന്നും സഞ്ചാരികള്‍ എത്താറുണ്ട്. എന്നാൽ 2018ലെയും 2019ലെയും പ്രളയം മൺസൂൺ സീസണിന്  തിരിച്ചടിയായി. എന്നിട്ടും ഈ വര്‍ഷം  ടൂറിസം മേഖല തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു.  അതിനിടയിലാണ് കോവിഡ്  എല്ലാം തകര്‍ത്തത്. 

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ചാകരയാണ്. വേനലവധിയും അനുകൂല കാലാവസ്ഥയുമാണ് ഈ സമയങ്ങളിൽ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ് പകരുന്നത്. ഈ സീസൺ മുന്നിൽകണ്ടുകൊണ്ട് നിരവധി പേർ പ്രീ ബുക്കിംഗ് പോലും നടത്താറുണ്ട്. എന്നാൽ ഇത്തവണത്തെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ  ലോക്ക്ഡൗൺ കാലം ആയിരുന്നു. ഇത് ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായി മാറി. പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘ടൂറിസം സമാശ്വാസ നിധി’ എന്ന 455 കോടിയുടെ പാക്കേജും  കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ  ഇത് വിചാരിച്ചപോലെ ഫലപ്രദമായില്ല.

ഇന്നും 4000ത്തോളം  ഹോട്ടലുകളും, 1000ത്തോളം ഹൗസ് ബോട്ടുകളും,  നൂറിലേറെ വരുന്ന ആയുർവേദ സെന്ററുകളും  നിരവധി സാഹസിക വിനോദ സഞ്ചാര യൂണിറ്റുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ടൂറിസ്റ്റ് ബസ്സുടമകളുടെയും, ടൂറിസത്തെ ആശ്രയിക്കുന്ന ചെറുകിട കച്ചവടക്കാരുടെയും  ജീവിതത്തെ ആണ് ഇത് കൂടുതൽ പ്രതിസന്ധിയിലാക്കിയത്  .

അതിനോടൊപ്പം തന്നെ മിക്ക സംരഭകർക്കും  ബാങ്ക് വായ്പയും, പലിശയും, ജീവനക്കാരുടെ  ശമ്പളവും, വർദ്ധിച്ചു വരുന്ന വൈദ്യുതി നിരക്കും,  നികുതി ഇനങ്ങളും തുടങ്ങി ഒഴിവാക്കാനാകാത്ത നിരവധി ചിലവുകളാണ് ഉള്ളത്. അതിനാൽ തന്നെ വലിയ ആശങ്കയിലൂടെയാണ്  അവർ കടന്നു പോകുന്നത്.

ഈ സാഹചര്യത്തെ മറികടക്കാൻ ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഗോവയും രാജസ്ഥാനുമൊക്കെ നിയന്ത്രണങ്ങൾ നീക്കി ടൂറിസ്റ്റുകളെ വരവേൽക്കാൻ തുടങ്ങിയതുപോലെ കോവിഡ് ബാധിതർ കൂടുതലുള്ള ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ  നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയത് പോലെ. ഈ പ്രതിസന്ധിഘട്ടത്തിൽ സീസൺ നഷ്ടപ്പെടുത്താതെ കേരളവും ‘അൺലോക്ക്’ ചെയ്യണമെന്നായിരുന്നു ടൂറിസം മേഖലയുടെ ആവിശ്യം. ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി  പ്രതിനിധികള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ   ചര്‍ച്ചയിൽ ഒക്ടോബറോടെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തത്ത്വത്തില്‍ തീരുമാനമായത്. അന്തിമ തീരുമാനമാകുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍  ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് നിയന്ത്രിക്കുന്നതില്‍ കേരളം കൈക്കൊണ്ട വിജയവും അനുകൂലമായേക്കുമെന്നാണ് ടൂറിസം  മേഖലയിൽ ഉള്ളവരുടെ  പ്രിതിക്ഷ. നിലവിൽ ഉള്ള പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ തുടര്‍ന്നാല്‍ തന്നെ ഈ പ്രതിസന്ധിയെയും കേരള ടൂറിസത്തിന് മറികടക്കാന്‍ കഴിയുമെന്നാണ് ടൂറിസം മേഖലയിൽ ഉള്ളവർ പറയുന്നത്.