Mon. Dec 23rd, 2024

അലഹബാദ്‌:
അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ രാമ ക്ഷേത്ര നിര്‍മാണം തുടങ്ങിയതിന്‍റെ ആവേശത്തില്‍ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്‌ണ ജന്മഭൂമിയും’മോചിപ്പി’ക്കുന്നതിന് പ്രചാരണ, നിയമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഹിന്ദുത്വ സംഘടനകളുടെ നീക്കം. പ്രയാഗ്‌ രാജില്‍ ചേര്‍ന്ന അഖില ഭാരതീയ അഖാഢ പരിഷത്തിന്റെ യോഗത്തിലാണ് ഈ വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രചാരണം സജീവമാക്കാന്‍ തീരുമാനിച്ചത്‌.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും ഇനി കാശി, മഥുര മോചനത്തിനുള്ള സമയമാണിതെന്ന്‌ അഖാഢ പരിഷത്ത്‌ അധ്യക്ഷന്‍ മഹന്ത്‌ നരേന്ദ്ര സിംഗ്‌ പറഞ്ഞു. വാരണസിയിലെ ഗ്യാന്‍ വ്യാപി പള്ളിയും മഥുര ഈദ്‌ഗാഹും വിട്ടുനല്‍കണമെന്നാണ്‌ പരിഷത്തിന്റെ ആവശ്യം. മുസ്ലിം സംഘടനകളുമായി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമോ എന്ന് ശ്രമിക്കും പരിഹാരമുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങാനാണ്‌ തീരുമാനം. ആര്‍എസ്‌എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പിന്തുണയും തേടുന്നുണ്ട്‌.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മതിലിനോട്‌ ചേര്‍ന്നാണ്‌ ഗ്യാന്‍വാപി മോസ്‌കിന്റെ മതില്‍. മഥുരയിലെ കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തിന്റെ സമീപത്താണ്‌ ഷാഹി ഇദ്‌ഗാഹ്‌ പള്ളി. രണ്ടും പൊളിച്ചുമാറ്റണമെന്നാണ്‌ സന്യാസ സംഘടനയുടെ ആവശ്യം.

ലവ്‌ ജിഹാദിനെതിരെ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളെ സന്യാസിമാര്‍ സ്വാഗതം ചെയ്‌തു.
മഥുര ക്ഷേത്രത്തിന്‌ സമീപത്തെ മുസ്ലിം പള്ളി നീക്കം ചെയ്യണമെന്ന്‌ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 ഹിന്ദു സന്യാസിമാരുടെ കഴിഞ്ഞ മാസം നടന്ന യോഗം ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി നിര്‍മിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ശ്രീകൃഷ്‌ണ ജന്മഭൂമി ന്യാസ്‌ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിന്റെ നാലര ഏക്കര്‍ സ്ഥലത്താണ്‌ പള്ളിയെന്നാണ്‌ ഇവരുടെ വാദം.

ആര്‍എസ്‌എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പിന്തുണയോടെയാണ്‌ കാശി മഥുര മോചന പ്രചാരണ നീക്കം. അയോധ്യക്ക്‌ പിന്നാലെ കാശി, മഥുര മോചനത്തിനായി പ്രചാരണം തുടങ്ങുമെന്ന്‌ വിഎച്ച്‌പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും ഭരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ നീക്കം എളുപ്പത്തില്‍ വിജയിക്കുമെന്നാണ്‌ ഹിന്ദുത്വ സംഘടനകളുടെ പ്രതീക്ഷ.