Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് വ്യാപനം രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. ജിഡിപി നിരക്ക് വരും പാദങ്ങളിലും കുത്തനെ ഇടിയും എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ തിരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗം പദ്ധതികളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ കടമെടുക്കുന്ന കാര്യത്തിലടക്കം നിർദേശം സമർപ്പിക്കാനും ധനമന്ത്രിയെ ചുമതലപ്പെടുത്തി.

20,000 ലക്ഷം കോടിയുടെ പാക്കേജും ആത്മനിർഭർ ഭാരത് പ്രഖ്യാപനവും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കുത്തനെയുള്ള ഇടിവിനെ തടയും എന്നായിരുന്നു കേന്ദ്രസർക്കാർ പ്രതീക്ഷ. ചലനങ്ങൾ സാധ്യമാക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ പല മേഖലയിലും കാര്യങ്ങൾ ഊർജിതമായില്ല. കൊവിഡ് ബാധിച്ച് അവശാനായ മനുഷ്യന്റെ ജീവിക്കാനുള്ള പോരാട്ടത്തിന് തുല്യമായി നിരവധി മേഖലകൾ പ്രതിസന്ധി നേരിടുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ മുന്നിലെത്തിയ സ്ഥിതിവിവരകണക്കുകളും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഇതേതുടർന്നാണ് രണ്ടാം ഘട്ടം പാക്കേജിനായുള്ള തീരുമാനം വരുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, നിർമാണമേഖല തൊഴിൽ, വ്യാപാരം എന്നി മേഖലകൾക്ക് പ്രാധാന്യം നൽകിയാകും പാക്കേജ് നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളുമുണ്ടാകും.

തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും പദ്ധതി. അടിസ്ഥാന സൗകര്യം, നിർമ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾ കൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഉപഭോഗം വർധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൽ ഉണ്ടാവുകയും ചെയ്യും. അതിന്റെ സാധ്യതകൾ തേടിയുള്ള നിക്ഷേപമാകും കേന്ദ്രം പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ഉത്തേജക പാക്കേജിലുണ്ടാവുക. ശമ്പളമില്ലാത്ത ഇടത്തരക്കാർക്കും ചെറുകിട വ്യവസായികൾക്കും പാക്കേജിൽ ഇടം ലഭിക്കും. ലോകത്തിലെ ആദ്യ ഇരുപത് സാമ്പത്തിക ശക്തികളിൽ വലിയ തകർച്ച രാജ്യം നേരിടുമ്പോഴാണ് രണ്ടാംഘട്ട ഉത്തേജക പാക്കേജ് നടപ്പിലാക്കാനുള്ള കേന്ദ്രതിരുമാനം. ആവശ്യമായ തുക കണ്ടെത്താനടക്കമുള്ള നിർദ്ധേശങ്ങൾ സമർപ്പിക്കാൻ യോഗം ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി.