Fri. Mar 29th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ ദേശീയ  വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നയം അധ്യാപകരും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും ഇന്ത്യയ്ക്ക് ഇത് പുതിയ ഉത്തേജനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ ഒരു ഘട്ടത്തിലും ഇടപെടില്ല. പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണെന്നും പുതിയ നയത്തിൽ രക്ഷിതാക്കൾക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയംഭരണാവകാശം നൽകുന്നതിലൂടെ സർവ്വകലാശാലകൾക്ക് മത്സരബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സർവ്വകലാശാലകൾക്ക് സർക്കാർ പാരിതോഷികം നൽകുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. പുതിയ നയത്തിൽ ഇനിയും നിർദ്ദേശങ്ങൾ നൽകാമെന്നും പരിഷ്ക്കരണ നിർദ്ദേശങ്ങൾ സർക്കാർ തള്ളില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ നയമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam