Mon. Dec 23rd, 2024
കോട്ടയം:

ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. അതിനിടെ നിയമസഭയിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം എം. എല്‍.എമാര്‍ക്കെതിരെ ബുധനാഴ്ച ജോസ് വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കും. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതില്‍ ജോസഫ് വിഭാഗം കൂടുതല്‍ നിയമോപദേശം തേടും.

എന്നാല്‍ മുന്നണിയിലേക്ക് തിരിച്ചുവരണമെങ്കില്‍ ജോസ്.കെ മാണി യു.ഡി.എഫ് നിലപാട് അംഗീകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. യു.ഡി.എഫിലേക്ക് തിരിച്ചുവരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസ് വിഭാഗമാണ്.കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. ചെറിയ തോതിൽ വോട്ട് നഷ്ടം ഉണ്ടാക്കിയേക്കാം.എന്നാൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയ സാധ്യതയെ ഇത് ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.