അലഹബാദ്:
കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.
കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പബ്ലിസിറ്റി നേടാൻ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമർശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ അടയ്ക്കാൻ ഉത്തരവിട്ടു.
കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വർ മിശ്ര എന്നയാൾ ഹരജി നൽകിയത്. മിശ്രയുടെ അഭിഭാഷകൻ ശൈലേഷ് കുമാർ ത്രിപാഠി ഇന്ത്യൻ പൗരത്വ നിയമത്തിലെ 10-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.