Sun. Dec 22nd, 2024

കൊച്ചി:

കേരള കോണ്‍ഗ്രസ്‌ (മാണി) ഗ്രൂപ്പിലെ ജോസ്‌ കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ്‌ പ്രവേശനത്തിന്‌ വഴിയൊരുങ്ങുന്നു. മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐ നിലപാടില്‍ അയവ്‌ വരുത്തിയതോടെ തടസങ്ങള്‍ നീങ്ങുകയാണ്‌. ‘യുഡിഎഫ്‌ വിട്ടാല്‍ ജോസ്‌ കെ മാണി തെരുവിലാകില്ല’ എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറഞ്ഞതോടെ ഇനി തീരുമാനം എടുക്കേണ്ടത്‌ ജോസ്‌ കെ മാണിയാണ്‌.

കെ എം മാണിയുടെ മരണത്തോടെയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പില്‍ പി ജെ ജോസഫും ജോസ്‌ കെ മാണിയും തമ്മിലുള്ള നേതൃത്വ തര്‍ക്കം ഉടലെടുത്തത്‌. കോട്ടയം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തോടെ പിളര്‍പ്പിലെത്തി. എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാതിരിക്കുക കൂടി ചെയ്‌തതോടെ പാര്‍ട്ടി രണ്ടിലകളായി പിരിഞ്ഞു.

യുഡിഎഫില്‍ നിന്ന്‌ ജോസ്‌ വിഭാഗത്തെ പുറത്താക്കാനിരിക്കെയാണ്‌ അവര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഔദ്യോഗിക പാര്‍ട്ടിയെന്ന അംഗീകാരവും തെരഞ്ഞെടുപ്പ്‌ ചിഹ്നമായി രണ്ടിലയും ലഭിച്ചത്‌. ഇതോടെ എംഎല്‍എമാരുടെ എണ്ണത്തിലും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ജോസഫ്‌ ഗ്രൂപ്പിന്റെ നില പരുങ്ങലിലായി. എങ്കിലും ജോസഫ്‌ വിഭാഗം തന്നെയാണ്‌ യുഡിഎഫില്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നത്‌. രണ്ട്‌ വിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണം അസാധ്യമായ സ്ഥിതിയിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അംഗീകാരം കൂടി ലഭിച്ചതോടെയാണ്‌ സിപിഎം നേതൃത്വം ജോസ്‌ വിഭാഗത്തെ എല്‍ഡിഎഫിലേക്ക്‌ എത്തിക്കാനുള്ള നീക്കം സജീവമാക്കിയത്‌. അതിന്റെ ഭാഗമായി മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്‌ണന്‍ ചര്‍ച്ച നടത്തി. ഇതോടെ സിപിഐയുടെ കടുത്ത എതിര്‍പ്പ്‌ അ‌ലിഞ്ഞുതുടങ്ങിയെന്നാണ്‌ സൂചന. ആദ്യം എന്തുകൊണ്ട്‌ മുന്നണി വിടുന്നുവെന്ന്‌ അവര്‍  വ്യക്തമാക്കിയ ശേഷം ആലോചിക്കാം എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്‌. പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേര്‍ന്ന ശേഷം തീരുമാനിക്കാമെന്നാണ്‌ സിപിഐയുടെ ഇപ്പോഴത്തെ നിലപാട്‌.

വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെയും നവംബറില്‍ നടക്കുന്ന ചവറ, കുട്ടനാട്‌ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ്‌ ജോസ്‌ വിഭാഗത്തെ ഒപ്പം ചേര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നത്‌. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെങ്കിലും ജോസ്‌ വിഭാഗത്തിന്റെ സാന്നിധ്യം പ്രയോജനപ്പെടുമെന്ന്‌ അവര്‍ കണക്ക്‌ കൂട്ടുന്നു.

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ചവറ, കുട്ടനാട്‌ നിയമസഭ സീറ്റുകള്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ്‌ സീറ്റുകളാണ്‌. രണ്ടും നിലനിര്‍ത്തുകയെന്നത്‌ മുന്നണിയുടെ അഭിമാന പ്രശ്‌നമാണ്‌. ഒരു സീറ്റ്‌ നഷ്ടപ്പെട്ടാല്‍ പോലും അത്‌ തിരിച്ചടിയാകും. കുട്ടനാട്‌ തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന്‌ പി ജെ ജോസഫ്‌ പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ അവിടെ യുഡിഎഫിനെ പരാജയപ്പെടുത്തേണ്ടത്‌ ജോസ്‌ വിഭാഗത്തിന്റെ ശക്തി തെളിയിക്കുന്നതിനും അനിവാര്യമാണ്‌.

2021 ഏപ്രിലില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ കൂടിയാണ്‌ ഇപ്പോള്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍. നിയമസഭ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുന്നണി വിപുലീകരിക്കുമെന്ന്‌ എല്‍ഡിഎഫ്‌ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുഡിഎഫില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോസ്‌ കെ മാണിക്ക്‌ എല്‍ഡിഎഫിലേക്ക്‌ കടക്കുകയാവും എളുപ്പവഴി.

ജോസ്‌ കെ മാണിയെ സ്വാധീനിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രി സ്ഥാനമെന്ന പ്രലോഭനത്തിന്‌ ജോസ്‌ വഴങ്ങാന്‍ സാധ്യത കുറവാണ്‌. കാരണം കേരളത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ നഷ്ടപ്പെടാനും ജോസഫിന്‌ അനായാസ വിജയം നേടാനും അത്‌ എളുപ്പമാകും. അതിനാല്‍ യുഡിഎഫ്‌ വിടേണ്ടിവന്നാല്‍ തല്‍ക്കാലത്തേക്കെങ്കിലും എല്‍ഡിഎഫിലേക്ക്‌ തന്നെ ചേക്കാറാനാണ്‌ സാധ്യത. അത്‌ എല്‍ഡിഎഫിമുണ്ടാക്കുന്ന നേട്ടം ചെറുതല്ല.

എന്നാല്‍ അടഞ്ഞ അധ്യായമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറയുമ്പോഴും ബാര്‍ കോഴ, ബജറ്റ്‌ വില്‍പ്പന, വര്‍ഗീയ രാഷ്ട്രീയം തുടങ്ങി കേരള കോണ്‍ഗ്രസിനെതിരെ സിപിഎമ്മും എല്‍ഡിഎഫും ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും കുറച്ചു കാലത്തേക്കെങ്കിലും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കും. എന്നാല്‍ 1980ല്‍ തന്നെ കെ എം മാണിയും ഏ കെ ആന്റണിയും പിന്നീട്‌ പി ജെ ജോസഫും അടക്കമുള്ളവരുമായി മുന്നണി ബന്ധമുണ്ടാക്കിയ നിലക്ക്‌ അതിന്‌ മറുപടി നല്‍കാന്‍ മുന്നണി നേതൃത്വത്തിന്‌ ബുദ്ധിമുട്ടുണ്ടാകില്ല.