Thu. May 2nd, 2024

അസഹിഷ്ണുതയുടെ പേരിൽ രാജ്യത്ത് നടന്ന ഒരു കൊലപാതകത്തിന്റെ ഓർമദിനമാണിന്ന്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെ തൂലികകൊണ്ട് വിമർശിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിന്‍റെ മൂന്നാം വാർഷികം. 

ഹിന്ദുത്വരാഷ്ട്രീയത്തിനേയും ജാതിവ്യവസ്ഥയേയും സാമൂഹിക രാഷ്ട്രീയ അനീതികളെയും തന്റെ പ്രസിദ്ധീകരണത്തിലൂടെ വിമർശനങ്ങൾക്ക് പത്രമാക്കിയതിന് ഗൗരി ലങ്കേഷിന് പകരം നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. മാധ്യമപ്രവർത്തനത്തെ അനീതികളോട് പോരാടാനുള്ള ഒരു ആയുധമായി കണക്കായിരുന്ന വ്യക്തിയായിരുന്നു ബംഗളുരു സ്വദേശിയായ ഗൗരി ലങ്കേഷ്. 2005ൽ പിതാവ് പി ലങ്കേഷ് ആരംഭിച്ച ‘ലങ്കേഷ് പത്രിക’ എന്ന വാരികയുടെ ചീഫ് എഡിറ്ററായിരുന്ന ഗൗരി ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന വാരികയും നടത്തിയിരുന്നു. വലതുപക്ഷ തീവ്രവാദത്തോടു പൊരുതുന്ന ‘കോമു സൗഹൃദവേദികെ’ തുടങ്ങിയ കർണാടക സംഘടനകളുമായും  കർഷക – ദളിത് പ്രസ്ഥാനങ്ങളുമായും സഹകരിച്ചുപ്രവർത്തിച്ചിരുന്നു ഇവർ. ഹിന്ദുത്വരാഷ്ട്രീയ വിമർശനത്തെ തന്റെ ‘ഹിന്ദുധർമ’വും  ഭരണഘടനാപരമായ ചുമതലയുമാണെന്നാണ് ഗൗരി സ്വയം വിശേഷിപ്പിച്ചിരുന്നത്. 

അതിനാൽ തന്നെ ഗൗരി ലങ്കേഷ് വധഭീഷണികൾ ഏറെക്കാലമായി നേരിട്ടിരുന്നു. പക്ഷേ, ആ ഭീഷണികൾക്കൊന്നും ഗൗരിയുടെ അഭിപ്രായപ്രകടനങ്ങളെയോ വിമർശനാത്മക ലേഖനങ്ങളെയോ വിലക്കാൻ കഴിഞ്ഞില്ല.  വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു അവർ. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ഒട്ടനവധി മാനഷ്ടക്കേസുകളും ഗൗരി സമ്പാദിച്ചിരുന്നു.  ഇതിൽ  ബിജെപി നേതാവും നിലവിലെ കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ്‌ ജോഷി നല്‍കിയ മാനനഷ്ടക്കേസില്‍ 2016ൽ ഗൗരി ശിക്ഷയും അനുഭവിച്ചിരുന്നു.

2017 സെപ്റ്റംബർ അഞ്ചാം തീയതി ഒരു  സ്വകാര്യചാനലിലെ പരിപാടി കഴിഞ്ഞ് ഏഴരയോടെ വീട്ടിലേക്ക് എത്തിയ ഗൗരിയ്ക്ക് നേരെ വീടിന്റെ ഗേറ്റിന് മുന്നിൽ വെച്ച് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.  ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു. സമാന രീതിയിലായിരുന്നു പുരോഗമന സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗി 2015ൽ കൊല്ലപ്പെടുന്നത്.  കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്നതിനും ഗൗരി നിരന്തരം ഭീഷണികള്‍ നേരിട്ടിരുന്നു.  ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. 

സമാനമായ രീതിയിൽ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോൾ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായിപ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. രണ്ട് വർഷങ്ങൾ കൊണ്ട് കോടതി നിർദ്ദേശിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം 17 പേരെ അറസ്റ് ചെയ്തു. വലതുപക്ഷ രാഷ്ട്രീയ അനുകൂലികൾ പുറത്തിറക്കിയ സനാതൻ സൻസ്ത എന്ന പുസ്തകത്തിൽ വന്ന  ഗൗരിയെപ്പറ്റിയുള്ള വിദ്വേഷപരമായ കുറിപ്പുകളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ പറഞ്ഞതായി അന്വേഷണഉദ്യോഗസ്ഥർ റിപ്പോർട്ടിൽ പറയുന്നു. ഇതേ തീവ്ര ഹിന്ദുത്വ വാദികൾ തന്നെയാണ് കൽബുർഗിയുടെയും നരേന്ദ്ര ദാഭോൽകരുടെയും ഗോവിഡ് പൻസാരെയുടെയും മരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

 

By Arya MR