Sun. Dec 22nd, 2024
ചെന്നെെ:

 
ബിഗ്‌സ്ക്രീനിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും, അഴിമതിക്കുമെതിരെ പോരാടുന്ന ദളപതി വിജയ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചകളും ചൂടുപിടിക്കുന്നത്. വിജയ് എംജിആറിന്റെ പിൻഗാമിയെന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലുടനീളം ആരാധകർ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.

എംജിആറിന്റെ യഥാർത്ഥ പിൻഗാമിയെന്ന തലക്കെട്ടോടെ എംജിആർ കഥാപാത്രങ്ങളായി ചിത്രീകരിച്ചാണ് പോസ്റ്റർ. കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം ഉൾപ്പടെ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തമിഴ്‌നാടിന്റെ നന്മയ്ക്കായി ദളപതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് ആരാധകരുടെ ആവശ്യം.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ മറ്റൊരു പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് എംജിആറായും, ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ചായിരുന്നു ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam