Sun. Dec 22nd, 2024
ഹൈദരാബാദ്‌:

 
സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്‌‌മണ റാവു പൊലീസിന്‌ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍ത്രൈറ്റിസും പ്രമേഹവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കശലായതിനാല്‍ 74കാരനായ ഗണപതി പൊലീസില്‍ കീഴടങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കല്ലുവെച്ച നുണ പ്രചാരണമാണെന്ന്‌ സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടി പറയുന്നു.

‌ദീര്‍ഘകാലമായി ഒളിവില്‍ കഴിയുന്ന ഗണപതിയായിരുന്നു 2004 മുതല്‍ 2018 വരെ പാര്‍ട്ടിയെ നയിച്ചത്. പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പും മാവോയിസ്‌റ്റ്‌ കമ്യൂണിസ്‌റ്റ്‌ സെന്ററും ലയിച്ച്‌ സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടി രൂപം കൊള്ളുന്നതിന്‌ മുമ്പ്‌ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിനെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു. കൊണ്ടപ്പള്ളി സീതാരാമയ്യയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നീക്കിയാണ്‌ പാര്‍ട്ടിയിലെ സൈനിക യുദ്ധ ലൈനിന്റെ വക്താവായ ഗണപതി നേതൃത്വത്തിലെത്തിയത്‌.

അനാരോഗ്യത്തെ തുടര്‍ന്നാണ്‌ ഗണപതി മാവോയിസ്‌റ്റ്‌ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന്‌ ഒഴിവായത്‌. തുടര്‍ന്ന്‌ മിലിറ്ററി കമ്മീഷന്‍ ചെയര്‍മാനായിരുന്ന പാര്‍ട്ടിയില്‍ ബസവരാജു എന്നറിയപ്പെടുന്ന നമ്പല കേശവ റാവു പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തു.

രോഗത്തെ തുടര്‍ന്ന്‌ വിശ്രമത്തിലാണ്‌ ഇപ്പോള്‍ ഗണപതി. നേരത്തെ വിവിധ സര്‍ക്കാരുകള്‍ ഒന്നര കോടി രൂപയാണ്‌ അദ്ദേഹത്തിന്റെ തലയ്‌ക്ക്‌ വിലയിട്ടിരുന്നത്‌. അദ്ദേഹത്തെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയിലാണ്‌ കീഴടങ്ങല്‍ വാര്‍ത്ത പ്രചരിക്കുന്നത്‌.

എന്നാല്‍ കീഴടങ്ങല്‍ വാര്‍ത്തകള്‍ മാവോയിസ്‌റ്റ്‌ നേതൃത്വം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിന്റെയും ഗൂഢാലോചനയാണ്‌ കീഴടങ്ങല്‍ റിപ്പോര്‍ട്ടുകളെന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നു.

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ബീര്‍പൂരാണ് ഗണപതിയുടെ സ്വദേശം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം 1970ല്‍ ആന്ധ്രയില്‍ നക്‌സലൈറ്റ്‌ പ്രസ്ഥാനം സജീവമായിരുന്ന ഘട്ടത്തിലാണ്‌ സിപിഐ എംഎല്ലില്‍ ചേരുന്നത്‌. മാവോയിസ്‌റ്റുകള്‍ ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുണ്ട്‌.