Fri. Nov 22nd, 2024
തിരുവനന്തപുരം:

 
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്ത രണ്ടാഴ്ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രി പറയുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

By Arya MR