Fri. Nov 22nd, 2024

ബെംഗളൂരു:

മലയാളികൾ ഉൾപ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയോടും നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.

മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായുള്ള ബന്ധം പുറത്തുവരികയാണ്. കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. പതിനഞ്ച് നടി- നടന്മാര്‍ക്കും, ഇവര്‍ക്ക് പുറമെ മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പേര് വിവരങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകളും സിസിബിക്ക് കെെമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈയൊരു ചോദ്യം ചെയ്യല്‍ നടപടി പുരോഗമിക്കുന്നത്. സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്‌ഡിൽ മൂന്ന് മലയാളികളടക്കമുള്ള സംഘമാണ് ലഹരിമരുന്നുമായി പിടിയിലായത്. അനിഖയാണ് കേസിൽ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ പേര് അനൂപ് പരാമര്‍ശിച്ചഗെടെ രാഷ്ട്രീയ ആയുധം കൂടി ആകുകയാണ് കേസ്. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബർ 9 നാണ്.

 

By Binsha Das

Digital Journalist at Woke Malayalam