Fri. Nov 22nd, 2024

ഇന്ത്യയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന പ്രതിബിംബങ്ങളിൽ ഒരാളായിരുന്നു പ്രണബ് മുഖർജി എന്ന് രാഷ്ട്രീയഭേദമന്യേ ആരും പറയും. ‘എ മാന്‍ ഫോര്‍ ആള്‍ സീസണ്‍സ്’ എന്നാണ് യുപിഎ കാലത്ത് പോലും ഈ രാഷ്ട്രീയ ചാണക്യൻ വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണ രഥത്തിന്റെ കടിഞ്ഞാൺ പലതവണ ഇന്ദിര ഗാന്ധിയുടെ കൈകളിൽ നിന്ന് വഴുതിപ്പോയപ്പോഴും കോൺഗ്രസ്സിനെ  കാലിടറാതെ താങ്ങി നിർത്തിയതിൽ പ്രണബിന് വലിയ പങ്കുണ്ടായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ ഈ നേതാവിനെ സൗമ്യനും സ്‌നേഹ സമ്പന്നനും അതേസമയം  പ്രതിസന്ധികളില്‍ പാര്‍ട്ടിയെയും രാജ്യത്തെയും കരുത്തോടെ ചേര്‍ത്തുപിടിക്കുന്ന വ്യക്തിത്വമെന്ന നിലയിലുമാണ് കോൺഗ്രസ്സ് വൃത്തങ്ങൾ ഓർക്കുന്നത്. 

1935 ഡിസംബര്‍ 11ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം.   ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.   കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്ന അദ്ദേഹം 1963 ല്‍ കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. 

അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിച്ചു പ്രണബ്.  രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ  ചുവടുവെയ്‌പ്പ്  1969ലായിരുന്നു. അന്ന്  മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാലത്ത് ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അടുത്ത വൃത്തത്തിലേക്ക് പ്രണബ് നടന്നു കയറി. കൃഷ്ണമേനോൻ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയിരുന്നില്ലേങ്കിൽ പോലും അദ്ദേഹത്തിന്റെ ജയം ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് (1975-77കാലം) പ്രണബ് ഇന്ദിരയുടെ ഏറ്റവും വലിയ പ്രചാരകനായി. അന്നു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേവകാന്ത് ബറുവ ‘ഇന്ദിരയാണ് ഇന്ത്യ’ എന്നു പറഞ്ഞപ്പോള്‍ ‘ഇന്ദിര ദേവതയാണ്’ എന്ന് പ്രണബ് ഏറ്റു ചൊല്ലി. ‘പ്രണബിന്റെ വായില്‍ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോണ്‍ഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയില്‍ ചാടുകയില്ല’, എന്നാണ് ഇന്ദിര ഒരിക്കൽ പ്രണബിനെ പറ്റി പരാമർശിച്ചത്.

1973ല്‍ കോണ്‍ഗ്രസിലെ പല ഉന്നതരെയും മറികടന്നാണ് ഇന്ദിര ഗാന്ധി അദ്ദേഹത്തെ സഹമന്ത്രിയാക്കിയത്.  ആദ്യം വാണിജ്യവകുപ്പായിരുന്നു. പിന്നീട് ധനകാര്യസഹമത്രി പദവിയും ലഭിച്ചു.  അടിയന്തരാവസ്ഥകാലത്ത്  രാഷ്ട്രീയ എതിരാളികള്‍ക്കും എതിരാളികളുടെ സഹായികള്‍ക്കും എതിരെ ഇന്‍കം ടാക്‌സ് റെയിഡുകള്‍ നടത്തി എന്ന ആക്ഷേപം പ്രണബ് നേരിട്ടിരുന്നു.  ആ ആരോപണങ്ങള്‍ക്കു മേല്‍ ഷാ കമ്മീഷന്‍ അദ്ദേഹത്തെ ദീര്‍ഘമായി ചേദ്യം ചെയ്യുകയും എതിരെ വിധി എഴുതുകയും ചെയ്തിരുന്നു. പക്ഷെ ഷാ കമ്മീഷന്‍ കോടതി മതിയായ നിയമബലത്തോടെ  സ്ഥാപിക്കപ്പെട്ടതല്ലെന്ന് പിന്നീട് സുപ്രീം കോടതി വിധിച്ചു. അങ്ങനെ അടിയന്തരാവസ്ഥ കാലത്ത് ആരോപണവിധേയരാവർ രക്ഷപെടുകയായിരുന്നു. 

അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.  സാമ്പത്തികരംഗം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇന്‍സ്റ്റാള്‍മെന്റ് തിരിച്ചു നല്‍കി ശ്രദ്ധേയനായി.  സാമ്പത്തിക വിദഗ്ദനായ മൻമോഹൻ സിങിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് ധനമന്ത്രിയായ പ്രണബിന്റെ ശുപാർശയിലായിരുന്നു. 

1984ൽ ഇന്ദിര ഗാന്ധി അപ്രതീക്ഷതമായി അംഗരക്ഷകന്റെ വെടിയേറ്റ് മരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന രാജീവ് ഗാന്ധിയ്ക്ക്  ‘ദില്ലിയില്‍ സീനിയര്‍മോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി’ എന്ന ഉപദേശം നൽകിയത് പ്രണബായിരുന്നു. പക്ഷേ, തീരുമാനങ്ങൾ മാറിമറിഞ്ഞു. രാജീവ് ഗാന്ധി തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തി. എന്നാൽ, അന്നും രാജീവിനുള്ള  സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖര്‍ജിയും ചേര്‍ന്നായിരുന്നു.

എന്നാൽ, പിന്നീട് രാജീവ് ഗാന്ധി പ്രണബിനോട് കാട്ടിയത് തികഞ്ഞ നീതികേടായിരുന്നു. രാജീവ് പാർട്ടിയ്ക്കുള്ളിലെ തന്നെ പരദൂഷണങ്ങളിൽ വീണ് പ്രണബിനെ മന്ത്രിസഭയിൽ നിന്നുൾപ്പെടെ ഒഴിവാക്കി. പിന്നീട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍, അപ്പോഴും ഒന്നും വിട്ടുപറയാന്‍ നില്‍ക്കാതെ പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ അച്ചടക്കം നിലനിര്‍ത്തി. 

1986 ഒക്ടോബര്‍ മാസത്തില്‍ പ്രണബിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് തന്നെ രാജീവ് ഗാന്ധി പുറത്താക്കി. ഏതാനും മാസങ്ങൾക്ക് ശേഷം  രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പേരിൽ പ്രണബ് സ്വന്തമായി ഒരു പാർട്ടി തന്നെ രൂപീകരിച്ചു.  അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു.  ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987ലെ ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പക്ഷേ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാര്‍ട്ടി ശിഥിലമായി. 

പിന്നീട് രാഷ്ട്രീയ ഭാവി നിലനിർത്തണമെങ്കിൽ രാജീവിനൊപ്പം ചേരണമെന്ന് പ്രണബിന് തിരിച്ചറിവുണ്ടായി. മാസങ്ങൾ നീണ്ടുനിന്ന സന്ധി സംഭാഷണങ്ങൾക്ക് ശേഷം 1988ൽ പ്രണബ് പാർട്ടിയിൽ തിരിച്ചെത്തി, പക്ഷെ രാജീവ് ഗാന്ധി സർക്കാരിൽ ഒരു പദവിയും ലഭിച്ചില്ല. പിന്നീട്  1989 ല്‍ രാജീവ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നു. 1991 ല്‍ ശ്രീപെരുംപുതൂരില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നു. അതിന് ശേഷം പ്രധാനമന്ത്രിയായ  പിവി നരസിംഹ റാവു പ്രണബിന്റെ സ്നേഹിതനായിരുന്നുവെങ്കിലും ക്യാബിനറ്റ് പദവി ഒന്നും നൽകാതെ  പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന പദവി നൽകി ഒതുക്കി. 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ, ഗാന്ധി കുടുംബം പക്ഷേ പ്രണബിനെ തഴഞ്ഞില്ല. പ്രണബിന് കാബിനറ്റില്‍ പ്രതിരോധമന്ത്രി പദം നല്‍കപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.  

2007 ല്‍ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിര്‍ദേശിക്കുന്നത്. അന്ന് പക്ഷേ, അദ്ദേഹത്തെ സോണിയക്ക് യുപിഎ ക്യാബിനറ്റില്‍ നിന്ന് വിട്ടുനല്കാനാകുമായിരുന്നില്ല.  പക്ഷേ, 2014ലെ തെരഞ്ഞെടുപ്പ് ഫലം മോശമാകുമെന്ന് നേരത്തെ പ്രവചിക്കാൻ കഴിഞ്ഞ സോണിയ രാഷ്‌ട്രപതി ഭവനിലെങ്കിലും കോൺഗ്രസ്സിന്റെ സാന്നിദ്യം അറിയിക്കാൻ 2012ൽ പ്രണബിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി.  എന്നാല്‍, 2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങള്‍ക്കുള്ള വേദി കൂടി ആയി മാറി.  മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ്, സോമനാഥ് ബാനര്‍ജി, ടി ആര്‍ ബാലു, ശരദ് പവാര്‍, പി എം സാങ്മ എന്നിങ്ങനെ പലരും മത്സരത്തിന് ഇറങ്ങി.  

ഇതിനിടെ  എപിജെ അബ്ദുല്‍ കലാമിന്റെ പേരും പലരും ഉയര്‍ത്തിക്കൊണ്ടു വന്നു. പക്ഷേ,  അഭിപ്രായ സമന്വയമില്ലാതെ താന്‍ അതിനു മുതിരില്ല എന്ന് കലാം നിലപാട് വ്യക്തമാക്കി.  ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇടതു പക്ഷവും, അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി. രാഷ്ട്രത്തിന്റെ പതിമൂന്നാമത് രാഷ്‌ട്രപതി.    

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിന്റെ ഒരു തീരുമാനം കല്ലുകടിയായെങ്കിലും പൊതുവെ ശാന്തമായിരുന്നു പ്രണബിന്റെ രാഷ്ട്രപതിക്കാലം.  അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, അഫ്‌സല്‍ ഗുരു തുടങ്ങി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 24 ദയാഹര്‍ജികള്‍ പ്രണബ് മുഖര്‍ജി തന്റെ കാലത്ത് നിരസിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് 2013 ലെ ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് നടപ്പാവുന്നത്.