Sat. Jan 18th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.എസ്‌.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പട്ടിണി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം  ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവർത്തകർ റോഡിന് ഇരുവശവും കുത്തിയിരിന്ന് പരസ്പരം കല്ലെറിഞ്ഞു. പി.എസ്‌.സി  റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത്  കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസേരകൾ വലിച്ചെറിയുകയും തമ്മിൽ തല്ലുകയുമായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സംഘര്‍ഷം.

സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. കൂടുതൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‍സി ഓഫിസിന് മുന്നിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ഷാഫി പറമ്പിൽ എംഎൽഎയെയും ശബരീനാഥ് എംഎൽഎയെയും അറസ്റ്റ് ചെയ്തു നീക്കി.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam