Wed. Jan 22nd, 2025

തിരുവനന്തപുരം:

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും കടകംപ്പള്ളി പറഞ്ഞു.

ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോണ്‍ഗ്രസിന്റെ അക്രമികള്‍ താവളമടിക്കുന്ന, ഗുണ്ടാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണിത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.  രണ്ട് കുടുംബം അനാഥമാക്കപ്പെട്ടുവെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam