Fri. Nov 22nd, 2024

തിരുവനന്തപുരം:

സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്. പോലീസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി സാധ്യത പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ഫാൻചൂടായി കത്തിവീണ് തീ പിടിച്ചതാകാമെന്ന പൊതുമരാമത്ത് റിപ്പോർട്ട് ശരിവയ്ക്കുന്നതാണെന്ന് ഇതേ വരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികത കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫോറൻസിക് ഫലം വന്നാലുടൻ ഗ്രാഫിക് വീഡിയോ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ചയോടെ ഡിജിപിക്ക് നൽകും. ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ നോർത്ത് സാൻവിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലെ പൊതുഭരണ വിഭാഗം അടച്ചിരുന്നു. തീപിടുത്തുമുണ്ടായ ദിവസം രാവിലെ ശുചീരണ തൊഴിലാളികൾ മാത്രമാണ് ഓഫീസിലെത്തിയത്. 3.30യോടെ അണുവിമുക്തമാക്കാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. 4.40 ഓടെ പുക ഉയർന്നപ്പോള്‍ അടുത്തുള്ള ഓഫീസിലുള്ളവർ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

സെക്രട്ടറിയറ്റിലെ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി വാതിൽ തുറന്നപ്പോള്‍ തീ ആളിപ്പടർന്നു. പുക ശ്വസിച്ച ഒരാള്‍ തളർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിത്തത്തിന് തൊട്ടുമുമ്പ് മാറ്റാരും ഓഫീസിലേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസിൽ കണ്ടെത്തിയത്. ആറു ഫാനിൽ തീടിപിടുത്തമുണ്ടായ ഫാൻ കേടായ വിവരം ഇലട്രിക്കൽ വിഭാഗത്തെ അറിയിച്ചിരുന്നുവെന്നാണ് പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരുടെ മൊഴി.

പൊലീസും ദുരന്തനിവാരണ കമ്മിഷണർ ഡോ.കൗശികിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഫയലുകളുടെ സംയുക്ത പരിശോധന നടത്തുകയാണ്. വിജ്ഞാപനങ്ങളും അതിഥിമന്ദിരങ്ങളിൽ മുറി അനുവദിച്ച ഉത്തരവുകളും അടങ്ങിയ 25ഓളം ഫയലുകളാണ് ഭാഗികമായി കത്തിയത്. പരിശോധനക്കുശേഷം ഫയലുകള്‍ സ്കാൻ ചെയ്ത സൂക്ഷിക്കുന്നുണ്ട്. പരിശോധന പൂർമായും ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്.