Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:

പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയത്തിലൂടെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്‌. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും.

ഇത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ചര്‍ച്ച നടത്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ആഗസ്റ്റ്‌ 13ന്‌ നടന്ന യോഗം രണ്ട്‌ സാധ്യതകളാണ്‌ ചര്‍ച്ച ചെയ്‌തത്‌.

ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ ഭരണഘടനയുടെ 243K, 243 ZA എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്‌താല്‍ മാത്രമേ പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെ ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ കഴിയൂ. ഈ വകുപ്പുകളനുസരിച്ചാണ്‌ സംസ്ഥാനങ്ങള്‍ക്ക്‌ വോട്ടര്‍ പട്ടിക തയ്യാറാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അധികാരമുള്ളത്‌.

തെരഞ്ഞെടുപ്പ്‌ കമമീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഉപയോഗിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ സംസ്ഥാനങ്ങളിലുള്ള നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം.

വ്യത്യസ്‌ത വോട്ടര്‍ പട്ടിക നിലവിലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളുമായി ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയം ചര്‍ച്ച ചെയ്യുന്നതിന്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിന്‌ പുറമെ ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഒഡീഷ, അസം, മധ്യപ്രദേശ്‌, അരുണാചല്‍ പ്രദേശ്‌, നാഗാലാന്‍ഡ്‌ എ്‌ന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിലും സ്വന്തം വോട്ടര്‍ പട്ടികയാണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്നത്‌.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ എ്‌ന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. ഒറ്റ വോട്ടര്‍ പട്ടിക നിലവില്‍ വന്നാല്‍ ഇത്‌ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ കുറയ്‌ക്കുക എന്നതാണ്‌ ലക്ഷ്യമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ മാനിഫെസ്റ്റോയിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയം നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.