Fri. Nov 22nd, 2024

തിരുവനന്തപുരം:

ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി  പി ടി തോമസ് എംഎല്‍എ. കത്തെഴുതിയെന്ന ഒറ്റക്കാരണത്തിന്‍റെ പേരില്‍ ശശി തരൂരിനെതിരെ തിരിയുന്നത് ശരിയല്ലെന്ന് പിടി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി അധ്യക്ഷന്റെ നിര്‍ദേശം അവഗണിച്ചാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് കൊണ്ട് പി ടി തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വ പൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി.ടി തോമസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പാര്‍ട്ടിക്ക് സ്ഥിരം നേതൃത്വം വേണമെന്ന്  ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ശശി തരൂരും ഉള്‍പ്പെട്ടതിനാല്‍ പരസ്യമായി അദ്ദേഹത്തെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ന് പറഞ്ഞിരുന്നു. തരൂര്‍ പാര്‍ട്ടിയിലെ  ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. എന്നാല്‍, വിവാദമായതോടെ കൊടിക്കുന്നില്‍ പ്രസ്താവന  തിരുത്തുകയും ചെയ്തിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam