തിരുവനന്തപുരം:
അസിസ്റ്റന്‍റ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപിക്ക് എതിരെ സംസ്ഥാനസർക്കാർ. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ മാറ്റി നിയമിച്ചിരുന്നു. ഈ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, സ്ഥലം മാറ്റ ഉത്തരവിൽ ഡിജിപിക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
സായുധസേനയിലെ സ്ഥലം മാറ്റപ്പട്ടികയിൽ ഡിജിപി ഇടപെട്ടതാണ് ആഭ്യന്തരവകുപ്പ് ഉടനടി ഇടപെട്ട് തിരുത്തുന്നത്. അസിസ്റ്റൻഡ് കമാൻഡർമാരെ നിയമിക്കാനും സ്ഥലം മാറ്റാനും സർക്കാരിന് മാത്രമാണ് അധികാരം. അതിൽ ഡിജിപി ഇടപെടാൻ പാടില്ലെന്നും സർക്കാർ ഡിജിപിയെ അറിയിക്കുന്നു.