Mon. Dec 23rd, 2024

ഡൽഹി:

സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി.

യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം യുജിസി തള്ളിയാൽ പരീക്ഷ നടത്തണമെന്നും കോടതി വിധിയിൽ പറയുന്നു. നേരത്തേ തമിഴ്നാട് എല്ലാ അവസാനവർഷ യുജി, പിജി പരീക്ഷകൾക്കും റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഓൾ പാസ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു.

പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർത്ഥികളെയും കോഴ്സ് ഭേദമില്ലാതെ പാസ്സാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്സുകൾക്കും ഇത് ബാധകവുമായിരുന്നു. ഈ തീരുമാനം സുപ്രീംകോടതിയുടെ ഉത്തരവോടെ റദ്ദായി.