Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
രാജ്യ വ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്തുന്നതിന്‌ അനുമതി നല്‍കാനാവില്ലെന്ന്‌ സുപ്രീം കോടതി. കൊറോണവൈറസ്‌ പരത്തുന്നത്‌ ഒരു പ്രത്യേക സമുദായമാണെന്ന പ്രചാരണത്തിന്‌ അത്‌ വഴിയൊരുക്കുമെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

“രാജ്യം മുഴുവന്‍ ഘോഷയാത്ര നടത്താന്‍ കോടതി അനുമതി നല്‍കിയാല്‍ മഹാമാരിയായ കോവിഡ്‌ 19 പരത്തുന്നതിന്റെ പേരില്‍ ഒരു പ്രത്യേക സമുദായം ഉന്നം വെയ്ക്കപ്പെടു”മെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ പറഞ്ഞു.

രാജ്യവ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉത്തര്‍ പ്രദേശുകാരനായ സയ്യദ്‌ കല്‍ബെ ജവാദാണ്‌ ഹര്‍ജി നല്‍കിയത്‌. പുരി ജഗന്നാഥ രഥയാത്രക്ക്‌ അനുമതി നല്‍കിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ ശനി, ഞായര്‍ ദിവസങ്ങളില്‍ ഘോഷയാത്രക്ക്‌ അനുമതി തേടിയത്‌.

എന്നാല്‍ ഹരജിക്കാരന്‍ പരാമര്‍ശിച്ച “പുരി ജഗന്നാഥ്‌ രഥയാത്ര ഒരു സ്ഥലത്തും ഒരു ദിശയിലേക്കും മാത്രമായിരുന്നു. ഘോഷയാത്ര നടത്തുന്നതിലുള്ള റിസ്‌കുകള്‍ പരിശോധിച്ച ശേഷമാണ്‌ അനുമതി നല്‍കിയത്‌. എന്നാല്‍ ഇത്‌ ഒരു പൊതു ഉത്തരവാക്കണമെന്ന്‌ താങ്കള്‍ ആവശ്യപ്പെടുന്നതാണ്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്”‌, ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം കൊണ്ട്‌ പന്താടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.