Sun. Nov 17th, 2024

പത്തനംതിട്ട:

വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും  മുങ്ങി. ഏകദേശം 2000 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും  കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും കൊടുത്തിട്ടുണ്ട്.

പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണ് ഈ ഫൈനാൻസിയേഴ്സിന് ഉള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമായിരുന്നുവെങ്കിലും  പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

വകയാറിൽ താമസിച്ചുവരികയായിരുന്ന ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമടങ്ങുന്ന കുടുംബം രണ്ടാഴ്ച്ച മുൻപാണ് ആസ്ഥാനം അടച്ച് സ്ഥലം വിട്ടത്. നിക്ഷേപകരുടെ പരാതിയില്‍ പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേല്‍, ഭാര്യ പ്രഭ ഡാനിയേല്‍ എന്നിവര്‍ക്കെതിരേ കോന്നി പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേരളത്തിന് പുറമെ വിദേശ മലയാളികളുടെ ഇടയിലുമായി ഏകദേശം 1500-ലേറെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.