Thu. Dec 19th, 2024

മുബൈ:

ഭീമ കൊറേഗാവ്‌ കേസില്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ മുബൈയിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജ്‌ ഹൃദ്രോഗ ബാധിതയായെന്ന്‌ മകള്‍. ജയിലില്‍ അനുഭവപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ്‌ കാരണം. ഹൃദയാഘാതത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കിയതായും മകള്‍ മായ്‌ഷാ ഭരദ്വാജ്‌ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ജയിലില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആര്‍ട്ടറികള്‍ ചുരുങ്ങുന്നത്‌ മൂലം ഹൃദയ പേശികളിലേക്കുള്ള രക്ത പ്രവാഹം കുറയുന്ന ഹൃദ്രോഗമാണെന്ന്‌ പറഞ്ഞിരിക്കുന്നു. ഇത്‌ ഗുരുതരമായ സ്ഥിതിയാണെന്നും ഹൃദയ സ്‌തംഭനത്തിന്‌ കാരണമായേക്കാമെന്നും പറയുന്നു.

ജൂലൈ 23 തീയതി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ എപ്പോഴാണ്‌ രോഗം കണ്ടെത്തിയതെന്നോ പരിശോധനയുടെ സാഹചര്യമോ സൂചിപ്പിച്ചിട്ടില്ല. തന്റെ അമ്മക്ക്‌ നേരത്തെ ഒരു തരത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും ഉണ്ടായിട്ടില്ല. പൂര്‍ണമായ മെഡിക്കല്‍ ഹിസ്റ്ററി വ്യക്തമാക്കാത്തതും അവ്യക്തതയും കുടുംബാംഗങ്ങളില്‍ ആശങ്ക സൃഷ്ടിച്ചതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഡയബറ്റിസ്‌, രക്ത സമ്മര്‍ദ്ദം, പള്‍മണറി ടി ബി തുടങ്ങിയ രോഗങ്ങള്‍ സുധ ഭരദ്വാജിനുണ്ട്‌. അതിനാല്‍ തിരക്കേറിയ ജയിലിനുള്ളില്‍ കോവിഡ്‌ 19 ബാധിക്കാന്‍ പിടികൂടാനും സാധ്യതയുണ്ട്‌. 175 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന മുംബൈ ബൈക്കുള ജയിലിലാണ്‌ അവര്‍ കഴിയുന്നത്‌. എന്നാല്‍ നിലവില്‍ അവിടെ 257 തടവുകാരുണ്ടെന്നാണ്‌ ജയില്‍ അധികൃതര്‍ ബോംബെ ഹൈകോടതിയെ അറിയിച്ചത്‌.

രണ്ട്‌ വര്‍ഷമായി വിചാരണ തടവുകാരിയായി ജയില്‍ കഴിയുകയാണ്‌ അവര്‍. ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം തടയപ്പെടുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാതെ ജയിലില്‍  ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ വിധേയമാക്കുന്നത്‌ തടവുകാരുടെ അവകാശങ്ങളുടെ നിഷേധം കൂടിയാണെന്ന്‌ അവര്‍ പറയുന്നു.

2018 ഒക്ടോബര്‍ 27നാണ്‌ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജിനെ ഭീമ കൊറേഗാവ്‌ കേസില്‍ കസ്റ്റഡിയിലെടുത്തത്‌. ഭരദ്വാജിന്റെയും ആനന്ദ്‌ തെല്‍തുംഡെയുടെയും വെര്‍നോന്‍ ഗോണ്‍സാല്‍വസിന്റെയും കുടുംബങ്ങള്‍ക്ക്‌ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്‌ നല്‍കണമെന്ന്‌ ചൊവ്വാഴ്‌ച്ച സര്‍ക്കാരിനോട്‌ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2018 ജനുവരി ഒന്നിന്‌ ഭീമ കൊറേഗാവ്‌ യുദ്ധ വിജയത്തിന്റെ 200ാം വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ദലിതരും മറാത്ത സംഘടനകളുമായി സംഘര്‍ഷം നടന്നിരുന്നു. മറാത്തകള്‍ നടത്തിയ അക്രമത്തിനെതിരെ മഹാരാഷ്ട്രയില്‍ ദലിത്‌ സംഘടനകള്‍ ബന്ദ്‌ നടത്തിയിരുന്നു.

ഡിസംബര്‍ 31ന്‌ നടന്ന എല്‍ഗാര്‍ പരിഷത്ത്‌ സമ്മേളനം ദലിതരെ അക്രമത്തിന്‌ പ്രേരിപ്പിച്ചതായി ആരോപിച്ചാണ്‌ മഹാരാഷ്ട്രയിലെ ബിജിപി സര്‍ക്കാര്‍ സുധ ഭരദ്വാജ്‌ അടക്കം 23 പേര്‍ക്കെതിരെ കേസെടുത്തത്‌. കേസ്‌ പിന്നീട്‌ എന്‍ഐഎ ഏറ്റെടുത്തു. കേസില്‍ 12 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജയിലിലാണ്‌.