Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂര്‍ എംപിയുടെ നിലപാടില്‍ മാറ്റമില്ല. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് കുടുതൽ കമ്പനികൾ വരാൻ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഐംഎംഎയുടെ വെബിനാറിലാണ് വിമാനത്താവള വിഷയത്തില്‍ തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്.

തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്. വിമാനത്താവള വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

വിമാനത്താവള വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച ശശി തരൂരിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പരോക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തലത്തിലായിരുന്നു അദ്ദേഹം നേരത്തെ വിശദീകരണം നല്‍കിയത്. തന്‍റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. തന്റെ നിയോജക മണ്ഡലത്തിന്‍റെ താൽപര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളത്. ഒരു എംപി എന്ന നിലയിൽ തന്‍റെ ജോലിയാണ് അതെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam