ബാഴ്സലോണ:
ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണണല്‍ മെസ്സി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ മെസ്സി ബാഴ്സ വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരം ക്ലബ്ബിന് ഇപ്പോള്‍ കത്തു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം മെസ്സി രേഖാമൂലം തങ്ങളെ അറിയിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ എഫ് സി ബാഴ്സലോണയുമായി നീണ്ടുനിന്ന ബന്ധമാണ് മെസ്സി അറുത്തുമാറ്റുന്നത്. എന്നാല്‍, താരം ഇനി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിലും ചില സൂചനകള്‍ പുറത്തുവന്നു. മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസി ഇപ്പോഴത്തെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കരുതിയിരുന്നത്. ആറു തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സി തന്റെ കരിയര്‍ മുഴുവന്‍ ബാഴ്‌സലോണയ്ക്കായി നീക്കിവെയ്ക്കുമെന്ന് സൂചനയും നല്‍കിയിരുന്നു. എന്നാല്‍, ക്ലബ്ബിന്റെ മോശം പ്രകടനങ്ങള്‍ ഇതിഹാസ താരത്തെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ടീമിന്റെ പ്രകടനത്തില്‍ മെസ്സി അതൃപ്തനായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനോട് 8-2ന്റെ നാണംകെട്ട തോല്‍വിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. മെസ്സിയുടെയും ബാഴ്‌സയുടെയും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ഇത്. പോരാത്തതിന് ഈ വര്‍ഷം ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാനും ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ മെസ്സി ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.