തിരുവനന്തപുരം:
യുഎഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ബാഗേജുകൾക്ക് അനുമതി നൽകിയ സെക്രട്ടേറിയറ്റിലെ രേഖകളൊന്നും ഇ ഫയലായി സൂക്ഷിച്ചിരുന്നില്ല. നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഈ ഫയലുകൾ സൂക്ഷിച്ചിരുന്ന റാക്കുകൾക്ക് സമീപം തന്നെയാണ് തീപിടത്തം ഉണ്ടായത്. എന്നാൽ, ഈ രേഖകൾ കത്തിനശിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന ഫയലുകളെല്ലാം സുരക്ഷിതമായി ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഫയലുകൾ ഇപ്പോൾ സുരക്ഷിതമാണെന്ന വിവരം പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർ റിപ്പോർട്ടായി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നൽകിയിട്ടുണ്ട്. അത് ക്യാബിനെറ്റിൽ അൽപസമയത്തിനകം ചർച്ചയാകും.