ഡൽഹി:
കൊവിഡ് പ്രതിരോധത്തിനിടെ രാജ്യത്ത് 273 ഡോക്ടമാർ മരിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അവരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സെക്രട്ടറി. കൊവിഡ് പ്രതിരോധനത്തിനായി ജീവൻ അർപ്പിക്കുന്ന ഡോക്ടർമാരുടെ കുടുംബത്തിന് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പ്പാക്കിയിട്ടില്ലെന്നാണ് ഐഎംഎ സെക്രട്ടറി ഡോ. ആർ.വി അശോകൻ കുറ്റപ്പെടുത്തിയത്. ‘ദി പ്രിന്റ്’ന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഈ ആനുകൂല്യങ്ങളുടെ പട്ടികയിൽ പ്രൈവറ്റ് ആശുപത്രികളിലെ ഡോക്ടർമാരെ ഉൾപ്പെടുത്താത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഡോക്ടർമാരുടെ സംഘടന രണ്ട് ആഴ്ച മുൻപ് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചില്ലെന്നും ഡോ. അശോകൻ പറഞ്ഞു.
50 ലക്ഷം രൂപ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന സർക്കാർ ആശുപത്രികളിലെ ഡോക്ടമാരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് എന്തുകൊണ്ട് പ്രൈവറ്റ് ആശുപത്രികളിലെ ഡോക്ടമാരുടെ കുടുംബങ്ങൾക്ക് അനുവദിക്കുന്നില്ല. കൊറോണ മനുഷ്യർക്കിടയിൽ വേർതിരിവ് കണക്കാതിരിക്കുമ്പോൾ നഷ്ടപരിഹാരത്തിലും സഹായങ്ങൾക്കും എന്തിന് വേർതിരിവ് കാണിക്കുന്നുവെന്നും അദ്ദേഹം ആരാഞ്ഞു.