Fri. Nov 22nd, 2024

കേരളത്തില്‍ കോവിഡ്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ സംസ്ഥാന നിയമസഭയുടെ ഏക ദിന സമ്മേളനം ചേര്‍ന്നത്‌.ആഗസ്റ്റ് 24ന് നടന്ന 11 മണിക്കൂര്‍ നീണ്ടുനിന്ന അസാധാരണ സമ്മേളനം. ആറു മാസത്തില്‍ ഒരിക്കല്‍ സഭ സമ്മേളിക്കണമെന്ന ഭരണഘടന വ്യവസ്ഥ പാലിക്കുകയെന്നതും 2020- 21 കാലത്തെ ബജറ്റുമായി ബന്ധപ്പെട്ട ധന ബില്ലുകള്‍ പാസാക്കുക എന്നതും സമ്മേളനത്തിന്‍റെ ലക്ഷ്യമായിരുന്നു. എം പി വീരേന്ദ്ര കുമാര്‍ മരിച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ മകന്‍ എം വി ശ്രേയാംസ്‌ കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ നല്‍കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനത്തിനെതിരായ പ്രമേയം ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് പാസാക്കിയത്. അത് കേരളത്തിന്‍റെ പൊതു വികാരമെന്ന നിലയില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള നിയമോപദേശം ഗൗതം അദാനിയുടെ മരുമകള്‍ പരിധി പങ്കാളിയായ സിറിള്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ എന്ന സ്ഥാപനത്തില്‍ നിന്ന്‌ തേടിയതിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ ശക്തമായ വാക്‌പോര്‌ നടന്നു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തന്നെയായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യ ചര്‍ച്ച. ഭരണ പക്ഷത്തിന് വന്‍ ഭൂരിപക്ഷമുള്ള സഭയില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ അവിശ്വാസം പരാജയപ്പെട്ടു- 87- 40.  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ് എന്ന ആരോപണമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്‍ഐഎയും കസ്റ്റംസും അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത്‌ കേസിനെക്കുറിച്ച് തലനാരിഴ കീറിയ ചര്‍ച്ചകളാണ് നടന്നത്.

ഭവനരഹിതര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ലൈഫ്‌ പദ്ധതിയില്‍ കോഴ ഇടപാട് നടന്നുവെന്ന ആരോപണങ്ങളും ചര്‍ച്ച ചെയ്‌തു. ഓരോ വിഷയത്തിലും ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാടുകള്‍ സ്ഥാപിക്കാന്‍ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ നടപടികളും ഭരണപക്ഷം ചര്‍ച്ചയാക്കി. എല്ലാം ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഭ ചര്‍ച്ച ചെയ്യേണ്ടതുതന്നെ. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗ മികവിന്‍റെ വേദിയായി നിയമസഭ മാറി.


മൂന്നേ മുക്കാല്‍ മണിക്കൂർ എടുത്താണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ പ്രസംഗ ദൈര്‍ഘ്യത്തില്‍ പിണറായി വിജയന്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. അവിശ്വാസത്തെ നിയമസഭയില്‍ മാത്രമല്ല, ജനങ്ങള്‍ക്ക് മുന്നിലും പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പ്രതിപക്ഷ ആരോപണങ്ങളെ സഭയില്‍ വെച്ച് പരാജയപ്പടുത്താന്‍ കഴിഞ്ഞത് രാഷ്ട്രീയ വിജയമാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ സഭയില്‍ തോറ്റെങ്കിലും ജനങ്ങളുടെ മുന്നില്‍ വിജയം തങ്ങള്‍ക്കാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.

 

വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു സഭയിലെ അവിശ്വാസ ബല പരീക്ഷണം,
പക്ഷെ ഈ സമ്മേളനം അവസാനിക്കുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതില്‍ ഒന്ന് ഇപ്പോള്‍ ലാഭകരമായി നടക്കുന്ന തിരുവനന്തപുരം വിമാനത്താവളം പൊതു മേഖലയില്‍ തന്നെ നിലനിര്‍ത്താനും അദാനി ഗ്രൂപ്പിന്‌ കൈമാറുന്നത് തടയുന്നതിനും  ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ കഴിയുമോ? അഥവാ അവര്‍ അതിന്‌ യഥാര്‍ത്ഥത്തില്‍ തയ്യാറാകുമോ? വിഴിഞ്ഞം തുറമുഖം അദാനിക്ക്‌ നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും സ്വീകരിച്ച നടപടികളുടെ കഥയുടെ പശ്ചാത്തലത്തില്‍ ഒരു പ്രമേയത്തിനപ്പുറം ഒരു പക്ഷവും അതിന്‌ തയ്യാറാകുമെന്ന്‌ കരുതാനാവില്ല.

മറ്റൊന്ന്, ഇനി സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കിയത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. എന്നാല്‍ നിയമവാഴ്ച്ചയില്‍ വിശ്വസിക്കുന്നുവെങ്കില്‍ സ്വര്‍ണക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ ഇരു പക്ഷവും  ഒരുമിച്ച്‌ നില്‍ക്കുമോ? ഇനി, പാവപ്പെട്ട ഭവനരഹിതര്‍ക്ക്‌ വീട്‌ വെച്ചുകൊടുക്കാനുള്ള ലൈഫ്‌ പോലെ ഒരു പദ്ധതിയില്‍ നിന്ന്‌ കോഴ വാങ്ങിയവരെ ജയിലില്‍ അടക്കാനും അത്‌ ആവര്‍ത്തിക്കാതിരിക്കാനും ഇവര്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കുമോ?ഒ‌ന്നും സംഭവിക്കില്ല എന്ന്‌ പറയേണ്ടിവരുന്നത്‌ ഇരു കൂട്ടരുടെയും മുന്‍കാല ചരിത്രം മുന്നിലുള്ളതിനാലാണ്‌.

പക്ഷെ നിയമസഭയുടെ അസാധാരണ സമ്മേളനം ചര്‍ച്ച ചെയ്യാതെ പോയത് ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്ന അടിയന്തര പ്രശ്നങ്ങളാണ്.  കോവിഡ്‌ കാലത്ത്‌ ചേര്‍ന്ന സമ്മേളനത്തില്‍ ഒരു ചര്‍ച്ചയും നടക്കാതിരുന്നത്‌ സംസ്ഥാനത്ത് ശക്തമായിരിക്കുന്ന കോവിഡ്‌ വ്യാപനത്തെക്കുറിച്ച്‌ തന്നെയാണ്‌. സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന നടപടികള്‍ രോഗ പ്രതിരോധത്തിന്‌ പ്രയോജനം ചെയ്‌തോ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എങ്ങനെ സ്വീകരിക്കാം ഇതൊന്നും ഒരു എംഎല്‍എയും ചര്‍ച്ച ചെയ്‌തില്ല.

കോവിഡും ലോക്ക്‌ ഡൗണും തൊഴില്‍രഹിതരാക്കിയ, ദരിദ്രരാക്കിയ അനേക ലക്ഷം മനുഷ്യരുണ്ട്‌. അവരുടെ പ്രശ്‌നങ്ങളും നിയമസഭയില്‍ ആരും ചര്‍ച്ച ചെയ്‌തില്ല. അവരുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനും തൊഴിലില്ലായ്‌മ പരിഹരിക്കാനും കേരളത്തിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ അവര്‍ ചര്‍ച്ച ചെയ്‌തുവോ? കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും പീടികത്തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും  പ്രശ്‌നങ്ങള്‍ ആരും ഉന്നയിച്ചില്ല. അവരുടെ ദാരിദ്ര്യവും ദുരിതവും അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളാണ്. ചര്‍ച്ച കൊണ്ട്‌ പരിഹാരം ഉണ്ടാകുമെന്ന്‌ ഒരുറപ്പുമില്ല, പക്ഷെ അത് പോലും ഉണ്ടായില്ല.

പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പെട്ടുപോയ 80ഓളം മനുഷ്യരുടെ പ്രശ്‌നം എന്തുകൊണ്ടാണ്‌ ആരും ചര്‍ച്ച ചെയ്യാതിരുന്നത്?‌ തകര്‍ന്നുവീണ അവരുടെ ലയങ്ങളെക്കുറിച്ച്‌, ദുരിതങ്ങളെക്കുറിച്ച്‌ ആരും ഉത്‌ക്കണ്‌ഠപ്പെടാതിരുന്നത്‌ എന്തുകൊണ്ടാകും? അര ലക്ഷത്തോളം തോട്ടം തൊഴിലാളികളുടെ ഭൂമിയില്ലായ്‌മയും വീടില്ലായ്‌മയും മറ്റ്‌ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.

പലയിടത്തും മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ കടലേറ്റത്തില്‍ തകര്‍ന്നുവീണതിനെക്കുറിച്ചും ആരും ഒന്നും പറഞ്ഞു കേട്ടില്ല. അടുത്ത കടലേറ്റത്തില്‍ തങ്ങളുടെ വീടുകളിലേക്ക് തിരകള്‍ ഇരച്ചുകയറുമെന്ന ഭയത്തിലാണ് അവര്‍ ഇപ്പോഴും ജീവിക്കുന്നത്. കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പുലിമുട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തര സമരത്തിലാണ് അവര്‍. അദാനിയുടെ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണം മുന്നോട്ടുപോകുമ്പോള്‍ ശംഖുംമുഖം ബീച്ച് ഇല്ലാതായിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അതിജീവനവും ദുഷ്കരമായിരിക്കുന്നു. ഒരു എംഎല്‍എയും ഈ പ്രശ്നം സഭയില്‍ ഉന്നയിച്ചുകണ്ടില്ല.

ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന അടിയന്തര പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാതെയാണ്‌ നിയമസഭ സമ്മേളനം അവസാനിച്ചത്‌. കക്ഷിരാഷ്ട്രീയ വാക്‌ പോരിനും വിഴുപ്പലക്കലിനും അപ്പുറം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ജനപ്രതിനിധികള്‍ ഒത്തുചേരുമ്പോള്‍ സമയം കണ്ടെത്തേണ്ടതല്ലേ? അപ്പോഴല്ലേ ജനാധിപത്യവും ജന പ്രാതിനിധ്യവും അര്‍ത്ഥമുള്ളതാകൂ?