Sat. Apr 20th, 2024

കൊച്ചി:

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ ചിത്രം  ‘ലാല്‍ ജോസി’ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്.

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ലാല്‍ജോസ്. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രം പറയുന്നത്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണിത്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.

 

എന്നാല്‍ സിനിമ സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും ഒപ്പിയെടുക്കുകയാണെന്ന് സംവിധായകന്‍ കബീര്‍ പുഴമ്പ്രം പറഞ്ഞു. എന്നാല്‍ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

 

ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ – ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദര്‍ശ്. ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

By Binsha Das

Digital Journalist at Woke Malayalam