ഡൽഹി:
പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
2019 ഫെബ്രുവരിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവിനെതിരെ തയാറാക്കിയ കുറ്റപത്രത്തിൽ ആമിയുടെ പേരും ചേർത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 മില്യണ്‍ ഡോളര്‍ വിലവരുന്ന രണ്ടു അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
ഒക്ടോബറില്‍ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്ന വിദേശ സ്വത്തുക്കളില്‍ ഉള്‍പ്പെട്ടതാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍. 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ ഫ്‌ളാറ്റും അതില്‍ ഉള്‍പ്പെടുന്നു. വായ്‌പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന നീരവ് മോദി അവിടെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.