Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലായ്‌മയും നിന്ദയുമാകുമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏത്‌ സ്ഥാപനത്തിനും എതിരായ തുറന്ന വിമര്‍ശനം ഭരണഘടന വാഴ്‌ച സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന്‌ ദ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.കോടതിയലക്ഷ്യ കേസില്‍ ശിക്ഷ ഒഴിവാക്കുന്നതിന്‌ ട്വീറ്റിലെ പരാമര്‍ശങ്ങള്‍ തിരുത്താന്‍ സുപ്രീം കോടതി ആഗസ്റ്റ്‌ 24 വരെ സമയം അനുവദിച്ചിരിക്കെയാണ്‌ മാപ്പ്‌ ചോദിക്കില്ലെന്ന്‌ ആവര്‍ത്തിച്ചിരിക്കുന്നത്‌.

തന്റെ രണ്ട്‌ ട്വീറ്റുകള്‍ “ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനമായ അടിത്തറ ഇളക്കുന്ന”താണെന്ന കോടതിയുടെ കണ്ടെത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതാണെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ ലേഖനത്തില്‍ പറയുന്നു. നിയമ സംവിധാനത്തിനെതിരായ ‘ദുരുദ്ദേശപരവും ആക്ഷേപകരവും ആസൂത്രിതവുമായ ആക്രമണ’മാണ്‌ അതെന്ന്‌ പറഞ്ഞ്‌ കോടതി ശിക്ഷിച്ചത്‌ തന്നെ ഞെട്ടിച്ചു.

ഒരു ജനാധിപത്യ രാജ്യത്തില്‍ അനുവദിക്കപ്പെടേണ്ട കാര്യമെന്ന നിലയില്‍ തന്റെ ഉത്തമ വിശ്വാസം അനുസരിച്ചാണ്‌ രണ്ട്‌ ട്വീറ്റുകളും രേഖപ്പെടുത്തിയതെന്ന്‌ ആവര്‍ത്തിക്കുന്നു. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന്‌ പരസ്യമായ പരിശോധന അഭിലഷണീയമാണ്‌.
ഇത്‌ നമ്മുടെ റിപ്പബ്ലിക്കിനെ സംബന്ധിച്ച ചരിത്ര സന്ദര്‍ഭത്തില്‍ എളിയ കടമ നിര്‍വഹിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അശ്രദ്ധയോടെയുള്ള ഒരു ട്വീറ്റല്ല അത്‌. അതുകൊണ്ട്‌ അതിന്റെ പേരില്‍ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥയില്ലായ്‌മയാണ്‌. താന്‍ ദയക്ക്‌ വേണ്ടിയോ മഹാമനസ്‌കതക്ക്‌ വേണ്ടിയോ അഭ്യര്‍ത്ഥിക്കില്ലെന്നും ഏത്‌ ശിക്ഷയും സന്തോഷപൂര്‍വം സ്വീകരിക്കുമെന്നുമുള്ള മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ പ്രശാന്ത്‌ ഭൂഷണ്‍ ലേഖനത്തില്‍ ആവര്‍ത്തിക്കുന്നു.