Fri. Apr 26th, 2024

പത്തനംതിട്ട:

ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ കസ്റ്റഡി മരണം സിബിഐയ്ക്ക്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണെല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. ഇനി പേഴ്സണല്‍ മന്ത്രാലയം ആണ് സര്‍ക്കാരിന്‍റെ കത്ത് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. കേസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് പതിമൂന്നിന് ഷീബയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് നല്‍കുകയിരുന്നു.

കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് അദ്ദേഹത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻകുമാർ നേരത്തെ വനം മന്ത്രിക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam