ഡൽഹി:
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,67,273 ആയി.
52, 889 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 20, 37, 870 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കർണ്ണാടക, തമിഴ്നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാർലമെൻററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. കൂടാതെ, കൊവിഡ് വാക്സിന്റെ പരീക്ഷണ ഘട്ടങ്ങളെ കുറിച്ചും സമിതി വിലയിരുത്തും.
അതേസമയം, അമൃത്‌സർ, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളും ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.