Sat. Apr 27th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്. നടത്തിപ്പിന് പുറമെ വികസനം, നവീകരണം തുടങ്ങിയ ചുമതലകളും അദാനി ഗ്രൂപ്പിനായിരിക്കും.

ടെൻ‍ഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എകെ ആന്‍റണി രംഗത്തെത്തി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വാകര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എകെ ആന്‍റണി പറ‍ഞ്ഞു. കൊവിഡിന്‍റെ മറവില്‍ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ എല്ലാം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam