തിരുവനന്തപുരം:
കവിയും നാടക-സിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായ ചുനക്കര രാമൻകുട്ടി ‘ആശ്രമം’ എന്ന ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് 75 ഓളം ചിത്രങ്ങൾക്കായി ഇരുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങീ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടുണ്ട്. 2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായി.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി, മരുമക്കൾ : സി. അശോക് കുമാർ (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).