Sat. Nov 23rd, 2024
മൂന്നാർ:

രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍ പുനരാരംഭിച്ചു. 57 പേരടങ്ങുന്ന രണ്ട് എന്‍ ഡി ആര്‍ എഫ് സംഘത്തിന് പുറമെ ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും ആറ് അംഗങ്ങളും 24 വളണ്ടിയര്‍മാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ ഒൻപത് അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്.തിരച്ചില്‍ ആറ് ദിവസമായ സ്ഥിതിക്ക് ഇനിയും തുടരണമോയെന്ന കാര്യത്തിൽ അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 17 പേരെ കണ്ടെത്താനുള്ള സാഹചര്യത്തില്‍ തിരച്ചില്‍ നീട്ടണമെന്ന ആവശ്യം ശക്തമാണ്.