എറണാകുളം:
വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജന്‍മാര്‍ കുടുംബക്കാരില്‍ ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് കുടുംബത്തിലെ മറ്റാരുടെയെങ്കിലും വാട്സ് ആപ്പിലേക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്. തന്‍റെ സുഹൃത്ത് ആശുപത്രിയിലാണെന്നും അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് വ്യാപകമായി സന്ദേശങ്ങള്‍ അയക്കുന്നത്. എറണാകുളം, തിരുവനന്തപുരം സ്വദേശികളില്‍ നിന്നെല്ലാം ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടതിന്‍റെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഇത്തരത്തില്‍ അമ്പതിനായിരവും, ഒരു ലക്ഷവും ഉള്‍പ്പെടെയാണ് വ്യാജന്‍മാര്‍ ശാസ്ത്രക്രിയയ്ക്ക് വേണ്ടി എന്ന തരത്തില്‍ കുടുംബത്തിലെ ഓരോരുത്തരോടും ആവശ്യപ്പെടുന്നത്. മൊബെെല്‍ ബാങ്കിങ്ങ് ഉപയോഗിക്കുന്നുണ്ടോയെന്നാണ് ഇവര്‍ ആദ്യം തന്നെ വാസ്ട്ആപ്പിലൂടെ ചോദിക്കുക. ഗൂഗിള്‍ പേയിലൂടെയോ ഫോണ്‍ പോയിലൂടെയോ പണം അയച്ചുനല്‍കാനാണ് വ്യാജന്മാര്‍ ആവശ്യപ്പെടുക.
വീഡിയോ കോള്‍ ചെയ്യാനോ, വോയിസ് മെസേജ് അയക്കാനോ ആവശ്യപ്പെടുകയാണെങ്കില്‍ വ്യാജന്മാര്‍ നല്‍കുന്ന മറുപടി ഫോണ്‍ വെള്ളത്തില്‍ പോയെന്നും മെെക്ക് കേടായെന്നുമാണ്. ആരുടെയും സഹതാപം പിടിച്ചുപറ്റുന്ന രീതിയിലാണ് ഇവര്‍ മെസേജ് അയക്കുന്നത്. സ്വന്തക്കാരാകുമ്പോള്‍ പെെസ അയച്ചുകൊടുക്കുമെന്ന ഉറപ്പാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്നും ഇത്തരത്തിലുള്ള അനുഭവം നേരിട്ടവര്‍ പറയുന്നു.
ഒരു കുടുംബത്തിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്താണ് ഇത്തരത്തില്‍ തട്ടിപ്പ് സംഘം മൊബെെല്‍ നമ്പറും, ഫോട്ടോകളും എടുക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, മൊബെെല്‍ ബാങ്കിങ്ങിലൂടെ പണം ആവശ്യപ്പെടുന്ന ഇത്തരക്കാര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ടാല്‍ തടിയൂരുകയും ചെയ്യും. ഇത്തരത്തില്‍ വാട്സ് ആപ്പിലൂടെ പറ്റിക്കപ്പെട്ടവര്‍ സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.