Fri. Apr 26th, 2024
വയനാട്:

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്. തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി.

കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുപ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അതീവ ജാഗ്രതാ നിർദ്ദേശം പ്രദേശത്ത് പുറപ്പെടുവിച്ചു. അതേസമയം, തിരുവനന്തപുരം ഉഴമലയ്ക്കലില്‍ മരംവീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam