Thu. Apr 25th, 2024

അയോധ്യ:

ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില സ്ഥാപിച്ചു. പ്രധാന വി​ഗ്രഹത്തിൻ്റേയും എട്ട് ഉപവി​ഗ്രഹങ്ങളുടേയും പൂജയാണ് ആദ്യം നടന്നത്.  ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നിർവഹിച്ച ശേഷമാണ് ശില സ്ഥാപിച്ചത്. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്.

രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു. പത്ത് വർഷംകൊണ്ടാണ് ‘രാം ലല്ല’ ക്ഷേത്രനിര്‍മാണം പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വർഷംകൊണ്ട് ആദ്യ ഘട്ടം പൂർത്തിയാക്കും. 84,000 ചതുരശ്ര അടി വിസ്തീർണമാണ് ക്ഷേത്രത്തിന്. അഞ്ച് താഴികക്കുടങ്ങളും, മൂന്ന് നിലകളുമാണ് ക്ഷേത്രത്തിനുള്ളത്.

മോദിയ്ക്ക് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങിൽ സന്നിഹതരായിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.

ചടങ്ങുകൾ നടക്കുന്ന സരയൂതീരവും സ്നാനഘട്ടുകളും റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളുമെല്ലാം ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്.

By Arya MR