Mon. Dec 23rd, 2024

ഡൽഹി:

യുപിഎസ്‌സി സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പ്രദീപ് സിംഗ് ഒന്നാം റാങ്ക് കരസ്ഥമാക്കി.  ജതിൻ കിഷോർ രണ്ടാം റാങ്കും പ്രതിഭ ശർമ്മ മൂന്നാം റാങ്കും നേടി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഇടംപിടിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ഇത്തവണ ശുപാര്‍ശ ചെയ്തു. 182 പേർ റിസര്‍വ് ലിസ്റ്റിൽ ഇടം പിടിച്ചു. വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 180 ഒഴിവാണ് ഐഎഎസ്സിൽ ഉള്ളത്. 24 ഒഴിവ് ഐഎഫ്‌എസിലും, 150 ഒഴിവ് ഐപിഎസിലും ഉണ്ട്. ഗ്രൂപ്പ് എ സര്‍വീസിൽ 438 ഒഴിവുകളും, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135-ഉം ഒഴിവുമുണ്ട്. ജനറല്‍ വിഭാഗത്തില്‍ നിന്ന് 304 പേരും ഇഡബ്ല്യുഎസ് 78 പേരും, ഒ.ബി.സി വിഭാഗത്തിലെ 251 പേരും, എസ്.സി വിഭാഗത്തിലെ 129 പേരും, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി.

കൊല്ലം കുന്നിക്കോട് ഫയർ സ്റ്റേഷനിലെ ഫയർമാൻ ആശിഷ് ദാസ് 291ാം റാങ്ക് നേടി. ആദ്യ 100 റാങ്കുകളിൽ വന്ന മലയാളികൾ. (റാങ്ക്, പേര് എന്നീ ക്രമത്തിൽ)

5 സിഎസ്. ജയദേവ്

36 ആർ. ശരണ്യ

45 സഫ്ന നസ്റുദ്ദീൻ

47 ആർ. ഐശ്വര്യ

55 അരുൺ എസ്. നായർ

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി

89 നിഥിൻ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അർച്ചന

 

 

 

By Arya MR