ആലുവ:
ആലുവയിൽ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരന് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് പരാതി. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ, അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു അധികൃതരുടെ നിർദ്ദേശം. എന്നാൽ, കുട്ടിയുടെ അവസ്ഥ ഗുരുതരമായി കാണാതിരുന്ന ഡോക്ടർമാർ ചോറും പഴവും നൽകിയാൽ മതിയെന്ന് പറഞ്ഞ് തിരികെ അയച്ചു. ഇന്നലെ രാത്രിയോടെ കുട്ടി മരിച്ചു.
അതേസമയം, പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നും കുട്ടിയുടെ എക്‌സ്‌റേ എടുത്തിരുന്നുവെന്നും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും ആലുവ ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് പ്രസന്നകുമാരി പ്രതികരിച്ചു.