തിരുവനന്തപുരം:
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. ഇരുവരുടെയും അറസ്റ്റ് ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സംബന്ധിച്ച് തിങ്കളാഴ്ച കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും. അതേസമയം സ്വപ്ന സമർപ്പിച്ച ജാമ്യഹർജി ബുധനാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് സ്വപ്നയുടെ ജാമ്യഹർജിയിൽ പറയുന്നത്.
അതേസമയം സ്വപ്‌നായുടെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയതായി എൻഐഎ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചത്. പ്രതിയുടെ വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്.