ഡൽഹി:
രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത് ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നത് കൊണ്ടാകാം എന്ന് ഗുലേറിയ പറഞ്ഞു. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുളളത്. അതേസമയം, ഇന്ത്യയുടെ കോവാക്‌സിൻ ആദ്യഘട്ടത്തിൽ 375 പേരിൽ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ആയിരത്തി എണ്ണൂറ് പേര് എയിംസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി അഞ്ച് പേരെ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ഡൽഹിയിലെ എയിംസിൽ തുടങ്ങി. 375 വാളണ്ടിയര്‍മാരിൽ 100 പേരിലെ പരീക്ഷണമാണ് എയിംസ് നടത്തുന്നത്. പറ്റ്ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും പരീക്ഷണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. പരീക്ഷണം വിജയമായാൽ വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാണ് നീക്കം.