ന്യൂഡല്‍ഹി:
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു.
വിദ്യാർത്ഥികളുടെ ഇന്‍റേണൽ അസസ്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കും. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്‍റേണൽ അസസ്മെന്‍റ് മാർക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം. കേരളത്തിൽ പരീക്ഷകൾ നടന്നതിനാൽ അതിലെ മാർക്കുകൾ തന്നെയാകും എടുക്കുക. ഇന്‍റേണൽ അസസ്മെന്‍റ് അനുസരിച്ചുള്ള മാർക്കുകൾ ചേർത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും.