Mon. Dec 23rd, 2024

തിരുവനന്തപുരം:

ആരാധനാലയങ്ങള്‍  തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌  സഹതാപം മാത്രമെയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ  പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ലെന്നും, കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍  മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.  ബിവറേജസ് തുറക്കാമെങ്കില്‍, ഷോപ്പിങ്‌ മാള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചതെന്നും ദേവസ്വം മന്ത്രി ആരോപിച്ചു.

കേന്ദ്രനിര്‍ദേശത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും ദേവസ്വം മന്ത്രി  പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam